തിരുവനന്തപുരം: കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി ദിവസം 210 ല്‍ നിന്ന് 205 ആക്കാനൊരുങ്ങി സര്‍ക്കാര്‍. മാര്‍ച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക.
അതേസമയം, ഇത്തവണത്തെ പ്രവേശനോത്സവ പരിപാടിക്കിടെ മലയിന്‍കീഴ് സ്‌കൂളില്‍ വെച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് മുന്‍നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്.
സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പ്
2023-24 അക്കാദമിക വര്‍ഷത്തെ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ 01 മുതല്‍ 05 വരെയുള്ള തീയതികള്‍ വേനല്‍ക്കാല അവധി ദിവസങ്ങളായി തുടരും. വേനലവധി ദിവസങ്ങള്‍ക്ക് മാറ്റമില്ല. യോഗത്തില്‍ അധ്യാപക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 210 സ്‌കൂള്‍ പഠന ദിവസങ്ങള്‍ എന്നത് 205 പഠനദിവസങ്ങള്‍ എന്നാക്കി നിജപ്പെടുത്തിയത്.
മുഴുവന്‍ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ല. അദ്ധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയില്‍ 5 പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ 5 ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.
2022-23 അക്കാദമിക വര്‍ഷത്തില്‍ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകള്‍ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങള്‍ ആണ് 2022-23 അക്കാദമിക വര്‍ഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക. യോഗത്തില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐ.എ.എസ്. തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

