തിരുവനന്തപുരം: ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, വിവിധ വകുപ്പുസെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ പി.എ വി.എ സുനീഷ് എന്നിവര്‍ നാളെ പുലര്‍ച്ചെ മൂന്നിന് അമേരിക്കയിലേക്ക് പോകും. യു.എസ്, ക്യൂബന്‍ പര്യടനത്തിന് ശേഷം 19ന് മുഖ്യമന്ത്രി മടങ്ങിയെത്തും.
അതേസമയം, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും ഒപ്പം പോകുന്നുണ്ട്. നിയമസഭയെ പ്രതിനിധീകരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറും ലോകകേരള സഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്പീക്കര്‍ക്കൊപ്പം ഭാര്യയും മകനും നാളെ പുലര്‍ച്ചെ അമേരിക്കയിലേക്ക് തിരിക്കും. ക്യൂബയിലേക്ക് പോകുന്ന സംഘത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി വീണ ജോര്‍ജുമുണ്ടാകും.
മുഖ്യമന്ത്രിയുടെ യു.എസ്, ക്യൂബ പരിപാടികള്‍ ഇങ്ങനെ
തിരുവനന്തപുരം: ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 10ന് രാവിലെ ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ലോക കേരള സഭാ അംഗങ്ങളും ചീഫ് സെക്രട്ടറി വി.പി ജോയി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ജൂണ്‍ 9ന് ന്യൂയോര്‍ക്കിലെ 9/11 മെമ്മോറിയല്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് യു.എന്‍ ആസ്ഥാനവും സന്ദര്‍ശിക്കും. 11ന് മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ ചേരുന്ന ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ പ്രവാസി മലയാളികള്‍, ഐ.ടി വിദഗ്ദ്ധര്‍, വിദ്യാര്‍ത്ഥികള്‍, വനിതാ സംരംഭകര്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തും. അന്ന് വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 12ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയിസറുമായി കൂടിക്കാഴ്ച നടത്തും. 13ന് മേരിലാന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശിച്ച് മനസിലാക്കും. 14ന് ന്യൂയോര്‍ക്കില്‍ നിന്ന് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്ക് തിരിക്കും. 15,16 തീയതികളില്‍ അവിടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ജോസ് മാര്‍ട്ടി ദേശീയ സ്മാരകം അടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.

