സമസ്ത- സിഐസി തർക്കത്തിന് പരിഹാരം; വാഫി വഫിയ്യ സംവിധാനം പൂർണമായി സമസ്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കും

മലപ്പുറം: സമസ്ത- സിഐസി തർക്കത്തിന് പരിഹാരം. സമസ്തയുടെ തീരുമാനം സിഐസിയെ കൊണ്ട് മുസ്ലിംലീഗ് അംഗീകരിപ്പിച്ചു. വാഫി വഫിയ്യ സംവിധാനം പൂർണമായി സമസ്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം പാണക്കാട് ചേർന്ന സെനറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഹക്കീം ഫൈസിയുടെ രാജി ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളാണ് യോഗത്തിൽ സ്വീകരിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും യോഗത്തിൽ പങ്കെടുത്തു. സിഐസി ജനറൽ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി നേരത്തെ രാജിവച്ചിരുന്നു. സമസ്തയുമായുള്ള തർക്കത്തെ തുടർന്നായിരുന്നു രാജി. എന്നാൽ സിഐസി സെനറ്റ് രാജി അംഗീകരിച്ചില്ല.

ഇത് സമസ്തയിൽ ചേരിതിരിവുണ്ടാക്കി. പല സ്ഥാപനങ്ങളും സിഐസിയിൽ നിന്ന് അകലുകയും ചെയ്തു. സമസ്ത പുതിയ വിദ്യാഭ്യാസ പദ്ധതി കൊണ്ടുവന്നതും പ്രശ്‌നം വഷളാക്കി. തർക്കം സിപിഎം മുതലെടുക്കുന്ന സാഹചര്യം വന്നതോടെയാണ് മുസ്ലീംലീഗ് വിഷയത്തിൽ ഇടപെടൽ നടത്തിയത്. ഹക്കീം ഫൈസി അദൃശ്ശേരിയുടെ രാജിയും ഹബീബുള്ള ഫൈസിയെ പുതിയ സെക്രട്ടറി ആക്കിയ തീരുമാനത്തിനും ഇന്നലെ ചേർന്ന യോഗം അംഗീകാരം നൽകിയിട്ടുണ്ട്.

ഹക്കീം ഫൈസിക്ക് പിന്തുണ പ്രഖ്യാപിച്ച 119 അംഗങ്ങളുടെ രാജി സെനറ്റ് റദ്ദാക്കി. വാഫി വഫിയ്യ സംവിധാനം പൂർണായി സമസ്തയുടെ നിയന്ത്രണത്തിൽ തുടരും. സിലബസ് സമസ്തയുടെ നിർദേശത്തിന് വിധേയമായി മാത്രമാക്കുകയും ചെയ്തു.