ഭോപ്പാല്‍: മധ്യപ്രദേശില്‍ തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി സജീവമായ, ആര്‍എസ്എസ് ബിജെപി ബന്ധമുള്ള സംഘടനയായ ബജ്റങ് സേന കോണ്‍ഗ്രസില്‍ ലയിച്ചു. ബജ്റങ് സേന കണ്‍വീനര്‍ രഘുനന്ദന് ശര്‍മ തല്‍സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്റങ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു.
ലയന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബജ്റങ് സേനയുടെ ദേശീയ, സംസ്ഥാന ഭാരവാഹികള്‍ക്കുമൊപ്പം കഴിഞ്ഞ മാസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മന്ത്രി ദീപക് ജോഷിയും സന്നിഹിതനായിരുന്നു. സമാന സ്വഭാവമുള്ള സംഘടനയായ ബജ്റങ് ദളിനെ കര്‍ണാടകയില്‍ നിരോധിക്കാനും മടിക്കില്ലെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്‍ വിവാദമായതിനു പിന്നാലെയാണ് ഈ ലയനം.
വഞ്ചനയുടെയും ചതിയുടെയും ആള്‍രൂപങ്ങളായി മാറിയ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്നും 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്നും രണ്‍വീര്‍ വ്യക്തമാക്കി. ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബജ്റങ് സേന കോണ്‍ഗ്രസില്‍ ലയിച്ചത്. ഇതിനു മുന്നോടിയായി കാവി ധരിച്ച നൂറു കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പ്രത്യേക റാലിയും നടന്നു.

