ന്യൂഡൽഹി: ദേശീയ കായിക മന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച്ച നടത്തി ഗുസ്തി താരങ്ങൾ. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരെയുള്ള സമരം നയിക്കുന്ന ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇന്നു രാവിലെ മന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. പുതിയ അഞ്ച് നിബന്ധനകൾ മന്ത്രിയ്ക്ക് മുന്നിൽ ഗുസ്തി താരങ്ങൾ മുന്നോട്ടുവെച്ചു.
ഗുസ്തി ഫെഡറേഷനിലേയ്ക്ക് സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പ്രാധാന ആവശ്യം. ഒരു വനിതയെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തേയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുത്. ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാകണമെന്നും ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു.
പാർലമെന്റ് ഉദ്ഘാടന സമയത്ത് ഗുസ്തി താരങ്ങൾ നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് ഫയൽ ചെയ്ത കേസ് ഒഴിവാക്കണമെന്നും ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നും ഇവർ വ്യക്തമാക്കി.

