കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരിക്കും അന്വേഷണം നടത്തുന്നത്. ആരോപണ വിധേയർക്കെതിരെ ഇപ്പോൾ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശിക്ഷ നൽകുമെന്നും ആർ ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞു.
അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി പ്രതിനിധികളും പി ടി എ പ്രതിനിധികളും ഉൾപ്പെടെയുള്ളവരുമായി മന്ത്രി ഇന്ന് ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹോസ്റ്റലിലെ ചീഫ് വാർഡനായി പ്രവർത്തിക്കുന്ന മായ സിസ്റ്ററെ മാറ്റി നിർത്തി മറ്റൊരു സിസ്റ്റർക്ക് താത്ക്കാലിക ചുമതല നൽകണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോളേജ് അധികൃതരുമായി ചർച്ച ചെയ്തു. ബിഷപ്പുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
അതേസമയം, കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു.

