പണം ചെലവഴിക്കുന്നതിൽ മുൻഗണന നിശ്ചയിക്കണം; ധനവകുപ്പിന് നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം ചെലവഴിക്കുന്നതിൽ മുൻഗണന നിശ്ചയിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കലയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥതല അവലോകന യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

പണമില്ലാത്തതിന്റെ പേരിൽ ക്ഷേമ പെൻഷൻ അടക്കം സാധാരണക്കാർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മുടങ്ങരുത്. മുൻഗണനാ ക്രമം നിശ്ചയിക്കണമെന്ന് അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിധം മുൻഗണന നിശ്ചയിച്ച് മുന്നോട്ട് പോകണമെന്നാണ് ധനവകുപ്പിന് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.

വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ സംസ്ഥാനം നേരിടുന്നത്. പദ്ധതികൾക്ക് പണം തികയുന്നില്ലെന്ന പരാതി വകുപ്പുകൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അവലോകനയോഗം ചേർന്നതും ധനവകുപ്പിന് നിർദ്ദേശം നൽകിയതും.