കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥിനിയായ ശ്രദ്ധ സതീശിന്റെ മരണത്തെ തുടർന്നുണ്ടായ വിദ്യാർഥി സമരത്തിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. മാനേജ്‌മെന്റുമായും വിദ്യാർത്ഥികളുമായും മന്ത്രിമാർ നേരിട്ട് ചർച്ച നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് ചർച്ച നടത്താൻ വേണ്ടി എത്തുന്നത്.
ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്ക് യോഗം ചേരും. വിദ്യാർത്ഥികൾ സമരം ശക്തമാക്കിയതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാനും ഹോസ്റ്റൽ മുറികൾ ഒഴിയാനും മാനേജ്‌മെന്റ് നിർദ്ദേശിച്ചിരുന്നു. കോളേജ് അടച്ചിട്ടും ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾ തയ്യാറായിരുന്നില്ല. കോളേജിനുള്ളിൽ തുടർന്ന വിദ്യാർഥികൾ മാനേജ്മെന്റിനെതിരെ പ്രതിഷേധം തുടരുകയായിരുന്നു.
ഹോസ്റ്റൽ തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ കോളേജ് ഗേറ്റ് പൂട്ടിയിട്ടിരുന്നു. അധ്യാപകരടക്കം കോളേജിൽ കുടങ്ങിയതോടെ ഹോസ്റ്റൽ തുറന്നുനൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകി. തുടർന്ന് വിദ്യാർത്ഥികൾ ഗേറ്റ് തുറന്നു നൽകി. രണ്ടാംവർഷ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമരം നടക്കുന്നത്.

