കാലിത്തൊഴുത്ത് തന്നെ; നിര്‍മാണത്തിന് ടെണ്ടര്‍ വിളിച്ചതിന്റെ രേഖ പുറത്ത്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണത്തിന് ടെണ്ടര്‍ വിളിച്ചതിന്റെ രേഖ പുറത്ത്. തകര്‍ന്ന മതില്‍ നിര്‍മ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ രേഖ.

ക്ലിഫ് ഹൗസില്‍ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ വിവാദമായിരുന്നു. തകര്‍ന്ന മതില്‍ പുതുക്കി പണിയാന്‍ വേണ്ടിയാണ് പണം അനുവദിച്ചത് എന്നായിരുന്നു ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍, പൊതുമരാമത്ത് വകുപ്പ് 2022 ജൂണില്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത് 42.9 ലക്ഷം രൂപയ്ക്ക് ചുറ്റുമതിലിന്റെ പുനര്‍നിര്‍മാണവും പുതിയ കാലിത്തൊഴുത്ത് നിര്‍മാണവും എന്നാണ്. ഈ അവസരത്തിലാണ് വാര്‍ത്ത അവാസ്തവമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്.

അതേസമയം, 3.84 ലക്ഷം രൂപ ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിന്റെ മൂന്നാം ഘട്ട പരിപാലത്തിനായി ടൂറിസം വകുപ്പ് അനുവദിച്ചത് വിവാദമായിരുന്നു. ഊരാളുങ്കലിനാണ് നീന്തല്‍കുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തല്‍ കുളം നവീകരണത്തിന് അനുവദിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാന്‍ ചെലവ് 18, 06, 789 രൂപയായി. മേല്‍ക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്.