15,000 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്ത് എന്‍സിബി

ന്യൂഡല്‍ഹി: ലൈസര്‍ജിക് ആസിഡ് ഡൈ ഈഥൈല്‍ അമൈഡിന്റെ (എല്‍എസ്ഡി) 15,000 സ്റ്റാംപുകളും 2.5 കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും 4.65 ലക്ഷം രൂപയും പിടിച്ചെടുത്ത് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ആറു പേരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയെ ജയ്പൂരില്‍ നിന്നാണ് പിടികൂടിയത്.

‘ഡാര്‍ക് നെറ്റ് ഉപയോഗിച്ചായിരുന്നു ഇവരുടെ ഇടപാടുകള്‍. ഓണ്‍ലൈനായുള്ള ഇടപാടുകളില്‍ പണം അടച്ചിരുന്നത് ക്രിപ്‌റ്റോ കറന്‍സിയായോ ക്രിപ്‌റ്റോ വാലറ്റ് ഉപയോഗിച്ചോ ആണ്. ലഹരി വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ നേരിട്ട് യാതൊരു ഇടപാടുകളുമില്ല. ലഹരി ശൃംഖല പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, യുഎസ്എ, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ക്കു പുറമെ കേരളത്തിലും പടര്‍ന്നു കിടക്കുന്നതാണ്. ഇന്റര്‍നെറ്റിലെ അധോലോകമെന്നാണ് ഡാര്‍ക് വെബ് അറിയപ്പെടുന്നത്. ലഹരിക്കടത്തുകാര്‍ മുതല്‍ രാജ്യാന്തര കള്ളക്കടത്തുകാരും കൊടുകുറ്റവാളികളും വരെ വിഹരിക്കുന്ന ഇടമാണത്. സംശയകരമായി കണ്ട ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരം അനുസരിച്ചാണ് ഈ ലഹരി സംഘത്തെ വലയിലാക്കിയത്. ശ്രദ്ധയില്‍പെടാതിരിക്കാന്‍ സ്വകാര്യ മെസേജിങ് ആപ്പുകളും രഹസ്യ വെബ്‌സൈറ്റുകളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. പിടിയിലായ ആറു പേരും സാങ്കേതിക കാര്യങ്ങളില്‍ മിടുക്കുള്ളവരാണ്’- എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് വിശദീകരിച്ചു.

അതേസമയം, ഇന്‍സ്റ്റഗ്രാമിലൂടെ യുവാക്കളെ കണ്ടെത്തി വലയിലാക്കുന്നതായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തന രീതി. വലയില്‍ വീഴ്ത്തിക്കഴിഞ്ഞാല്‍ ഇവരുമായുള്ള ഇടപാടുകള്‍ ചില സ്വകാര്യ മെസേജിങ് ആപ്പുകള്‍ വഴിയാക്കും.