സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കണ്ണു നട്ട് ദീര്‍ഘനേരം ചെലവഴിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഇതില്‍ പറയുന്ന അപകടം നിങ്ങളുടെ കാഴ്ചയെയും ബാധിച്ചേക്കാം. ഇത്തരത്തിലുള്ള ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്നറിയപ്പെടുന്ന ‘സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം’. ഈ ഉപകരണങ്ങളില്‍ നിന്ന് പുറപ്പെടുന്ന നീല വെളിച്ചത്തിലേക്ക് നീണ്ടസമയം നോക്കിയിരുന്നാല്‍ കണ്ണുകള്‍ ഈ അവസ്ഥക്ക് വിധേയമാകും.
ബ്ലൂ ലൈറ്റ് എക്‌സ്‌പോഷര്‍, സ്‌ക്രീന്‍ഗ്ലെയര്‍, ബ്ലിങ്കിംഗ് ഇങ്ങിനെ പല ഘടകങ്ങളും സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോമിനു കാര്യമാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന ഉയര്‍ന്ന ഊര്‍ജ്ജമുള്ള (HEV) നീലവെളിച്ചം കണ്ണുകളിലേക്ക് തുളച്ചുകയറുകയും റെറ്റിനയ്ക്ക് കേടുപാടുകള്‍ വരുത്തുകയും പലവിധ കാഴ്ചാ പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. സ്‌ക്രീന്‍ ഗ്ലെയര്‍ കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കും, തലവേദന ഉണ്ടാക്കും, ഈ ഉപകരണങ്ങളുടെ ബ്ലിങ്കിങ് കണ്ണുകള്‍ക്ക് വരള്‍ച്ചയും അസ്വസ്ഥതയുമുണ്ടാക്കും.
സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം എത്രകാലം നീണ്ടുനില്‍ക്കും?
സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ദൈര്‍ഘ്യം വ്യക്തിയെയും രോഗലക്ഷണങ്ങളുടെ തീവ്രതയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. മിക്ക കേസുകളിലും, ലക്ഷണങ്ങള്‍ താല്‍ക്കാലികമാണ്, സ്‌ക്രീന്‍ സമയത്തില്‍ നിന്ന് പതിവായി ഇടവേളകള്‍ എടുക്കുന്നതിലൂടെയും നിങ്ങളുടെ ഉപകരണത്തിന്റെ തെളിച്ചവും ദൃശ്യതീവ്രതയും ക്രമീകരിക്കുന്നതിലൂടെയും സ്‌ക്രീന്‍ സുഖപ്രദമായ അകലത്തില്‍ സ്ഥാപിക്കുന്നതിലൂടെയും ഈ അപകടത്തില്‍ നിന്നും രക്ഷ നേടാനാകും.
സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം തടയാം…
കണ്ണിന് അസ്വസ്ഥതയുടെ നേരിയ ലക്ഷണങ്ങള്‍ കാണുമ്‌ബോള്‍ത്തന്നെ നിങ്ങളുടെ സ്‌ക്രീന്‍ സമയം കുറയ്ക്കുകയും നല്ല നേത്ര പരിചരണ ശീലങ്ങള്‍ പരിശീലിക്കുകയും ചെയ്യണം. പക്ഷെ ലക്ഷണങ്ങള്‍ മാറുന്നില്ലെങ്കില്‍ നേത്രരോഗങ്ങള്‍ ഉണ്ടെന്നു സംശയിക്കണം. അതിനാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക.
കണ്ണുകളുടെ ആയാസം കുറയ്ക്കാം…
ഇടവേളകള്‍ എടുക്കുക: ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കാനും ബുദ്ധിമുട്ട് തടയാനും സഹായിക്കും. നേത്ര സംരക്ഷത്തിനു നിങ്ങള്‍ക്ക് 20-20-20 റൂള്‍ ഉപയോഗിക്കാം. ഇത് കണ്ണിന്റെ ആയാസവും ഡിജിറ്റല്‍ ഐ സ്ട്രയിനും തടയാന്‍ ഉപയോഗിക്കാവുന്ന ഒരു ടെക്‌നിക്കാണ്. ഓരോ 20 മിനിറ്റിലും ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്ന് ഇടവേള എടുക്കുകയും 20 സെക്കന്‍ഡ് നേരത്തേക്ക് 20 അടിയെങ്കിലും അകലെയുള്ള ഒരു വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ് 20-20-20 റൂള്‍.
നിങ്ങളുടെ സ്‌ക്രീന്‍ ക്രമീകരിക്കുക: നിങ്ങളുടെ സ്‌ക്രീനിന്റെ തെളിച്ചവും (Brightness ) ദൃശ്യതീവ്രതയും(Contrast ) ക്രമീകരിക്കുന്നത് സ്‌ക്രീനിന്റെ തിളക്കം കുറയ്ക്കും . ഇത് മൂലം കണ്ണിന്റെ ആയാസവും കുറയും.
കണ്ണിന്റെ ആര്‍ദ്രത നിലനിര്‍ത്തുന്ന തുള്ളിമരുന്ന് ഉപയോഗിക്കുക: കണ്ണുനീരിന് സമാനമായ ഇത്തരം തുള്ളിമരുന്നുകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ കണ്ണുകളെ ഈര്‍പ്പമുള്ളതാക്കാനും വരള്‍ച്ച തടയാനും സഹായിക്കും.
കണ്ണട ധരിക്കുക: നീല വെളിച്ചത്തെ തടയുന്ന പ്രത്യേക ഗ്ലാസുകള്‍ ധരിക്കുന്നത് നീല വെളിച്ചത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ സഹായിക്കും.
നല്ല ശീലങ്ങള്‍ പരിശീലിക്കുക: കുറഞ്ഞ സമയം , മതിയായ വെളിച്ചം, ഉറങ്ങുന്നതിന് മുമ്ബ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയ നല്ല ശീലങ്ങള്‍ ശീലമാക്കുന്നത് കണ്ണുകളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ സഹായിക്കും.സ്മാര്‍ട്ട് ഫോണിലെ ബ്ലൂ ലൈറ്റ് ഫില്‍ട്ടര്‍ ഓണാക്കുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കാന്‍ സഹായിക്കും. ഒരു ടൈമര്‍ സജ്ജീകരിച്ച് സ്‌ക്രീനില്‍ നിന്ന് 20 മുതല്‍ 30 മിനിറ്റ് വരെ അവധി എടുക്കുക. ഇതിനായി നിങ്ങളുടെ സ്മാര്‍ട്ട് വാച്ച് നല്ല രീതിയില്‍ ഉപയോഗിക്കുക.

