തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകളായിരിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം വർഷം പൂർത്തിയാകുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്‌സ് തുടരാമെന്നും അവർക്ക് ഓണേഴ്സ് ബിരുദം നൽകുമെന്നും മന്ത്രി അറിയിച്ചു. നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം. ഗവേഷണത്തിനാകും നാലാമത്തെ വർഷം പ്രാധാന്യം നൽകുക. മൂന്നാം വർഷം മാത്രമെ എക്‌സിറ്റ് സർട്ടിഫിക്കറ്റ് നൽകൂവെന്നും ആർ ബിന്ദു വിശദമാക്കി.
ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കും. നാല് വർഷ ബിരുദ കോഴ്‌സിന്റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളിലും നാല് വർഷ ബിരുദ കോഴ്‌സ് ആയിരിക്കും. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്‌സ് നടത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

