കുട്ടനാടിന് കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹന്‍ലാല്‍

ആലപ്പുഴ: കുട്ടനാടിന് കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് ഇവൈജിഡിഎസുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടോമാറ്റിക് കുടിവെള്ള പ്ലാന്റ് സ്ഥാപിച്ചത്. പരിസ്ഥിതി ദിനമായ ഇന്നലെ വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ മേജര്‍ രവിയാണ് പ്ലാന്റിന്റെ ഉ?ദ്ഘാടനം നിര്‍വഹിച്ചത്.

ഒന്‍പത് ലക്ഷം ലിറ്റര്‍ കുടിവെള്ളം പ്രതിമാസം നല്‍കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഇലക്ട്രോണിക് കാര്‍ഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റില്‍ നിന്നും സൗജന്യമായി എടുക്കാം. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് പ്രകൃതി സൗഹാര്‍ദ്ദമായാണ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ എടത്വ ഒന്നാംവാര്‍ഡിലെ 300 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമാവുക.

അതേസമയം, കുട്ടനാട്ടിലെ കുടിവെള്ളത്തില്‍ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ്, കാല്‍സ്യം, ക്ലോറൈഡ് എന്നിവ നീക്കം ചെയ്യുന്നതും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ കഴിവുള്ളതുമാണ് പ്ലാന്റ്. ഗുണഭോക്താക്കള്‍ക്കുള്ള ഇലക്ട്രോണിക് കാര്‍ഡിന്റെ വിതരണവും നടന്നു.