നോവ കഖോവ്ക ഡാമിന്റെ തകര്‍ച്ച; പരസ്പരം പഴിചാരി റഷ്യയും യുക്രൈനും

കീവ്: ദക്ഷിണ യുക്രൈനിലെ നോവ കഖോവ്ക ഡാം തകര്‍ന്നു. അണക്കെട്ട് തകര്‍ത്തത് റഷ്യയാണെന്നാണ് യുക്രൈനിന്റെ ആരോപണം. റഷ്യന്‍ സൈന്യം നടത്തിയ ‘ഇക്കോസൈഡ്’ എന്നാണ് യുക്രെയിനിലെ പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, സംഭവത്തിന് യുക്രൈനാണ് ഉത്തരവാദി എന്നാണ് റഷ്യയുടെ ആരോപണം.

1956ലാണ് ഡിനിപ്രോ നദിക്ക് കുറുകെയായി 30 മീറ്റര്‍ ഉയരവും 3.2കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിര്‍മ്മിച്ചത്. ഇവിടെയാണ് കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഡാം തകര്‍ന്നതോടെ അടുത്തുള്ള പ്രദേശങ്ങളിലേയ്ക്ക് വെള്ളം ഒഴുകിയെത്താന്‍ തുടങ്ങി. അടുത്ത അഞ്ച് മണിക്കൂറില്‍ ജലനിരപ്പ് ഉയരാന്‍ സാദ്ധ്യതയുണണ്ടെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ ഡിനിപ്രോ നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള 19 ഗ്രാമങ്ങളിലും കെര്‍സണ്‍ നഗരത്തിന്റെ ഒരു ഭാഗത്തുമുള്ള ആളുകളെയും ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

2014മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് ഈ അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നാണ് സപ്പോരിജിയ ആണവനിലയത്തിലേയ്ക്ക് വെള്ളം എത്തിക്കുന്നത്. അണക്കെട്ട് തകര്‍ന്നത് ആണവനിലയത്തെ ബാധിച്ചില്ലെന്നും എന്നാലും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു. ക്രീമിയയിലെ വിവിധയിടങ്ങളിലേയ്ക്കുള്ള ജലവിതരണവും ഇവിടെ നിന്നാണ്.