വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, നീക്കം ദുരൂഹമെന്ന് കോൺഗ്രസ്

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് കളക്ടറേറ്റിൽ ഇതിന്റെ ഭാഗമായി മോക് പോളിംഗ് ആരംഭിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മോക് പോളിംഗിൽ പങ്കെടുക്കുന്നുണ്ട്. ഇലക്ട്രിക് വോട്ടിംഗ് മെഷീനുൾപ്പെടെ കാണിച്ചാണ് മോക് പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമാണ് ഇതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് മോക് പോളിംഗിന് നേതൃത്വം വഹിക്കുന്നത്. അതേസമയം, നടപടിക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രാഹുൽഗാന്ധി അയോഗ്യനാക്കപ്പെട്ട കേസ് നിലവിലുണ്ട്. അതിനിടയിൽ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദുരൂഹമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിനീഷ് കുമാർ അറിയിച്ചു. എന്നാൽ ഇവിടെ എത്തിയ സമയത്ത് ലീഗ് പ്രതിനിധിയല്ലാതെ മറ്റാരും ഉണ്ടായില്ലെന്നും രാവിലെ കളക്ടർ വന്ന് വോട്ട് ചെയ്ത് ഉദ്ഘാടനം ചെയ്തു പോയി എന്നല്ലാതെ മറ്റൊരു വിവരമൊന്നും അറിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.