തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ ഐ ക്യാമറ, കെ ഫോൺ എന്നിവയിലെ അഴിമതിയെ കുറിച്ച് പറഞ്ഞതിനെ പദ്ധതിയെ വിമർശിച്ചെന്നാണ് മുഖ്യമന്ത്രി പരിഹസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയെ അല്ല അതിന് പിന്നിലെ അഴിമതിയെ ആണ് താൻ വിമർശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടെണ്ടർ എക്‌സസ് 50 % കൊടിയ അഴിമതിയാണ്. ഭെല്ലിന് കരാർ കൊടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണി കിട്ടിയതും ഉപകരാറുകളും എസ്ആർഐടിയ്ക്കാണ്. ഐഎസ്പി ടെണ്ടർ കറക്ക് കമ്പനിയുടെ പുറത്ത് കിട്ടിയപ്പോൾ അത് റദ്ദാക്കി. എസ്ആർഐടിയുടെ സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന കമ്പനികൾക്ക് മാത്രമെ ഇപ്പോ ടെണ്ടറിൽ പങ്കെടുക്കാൻ കഴിയു. ജനങ്ങളെ വെല്ലുവിളിച്ചാണ് അഴിമതി നടത്തുന്നത്. 50 ശതമാനം കേബിളുകൾ ലീസ് ഔട്ട് ചെയ്യാം എന്നാണ് വ്യവസ്ഥ. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കേബിളിന് ഗുണനിലവാരം ഉണ്ടെന്ന് എങ്ങനെയാണ് മുഖ്യമന്ത്രി അളന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. മറ്റ് മന്ത്രിമാരെ പൊതുമരാമത്ത് മന്ത്രി വിമർശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇത് മറ്റ് കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

