അരിക്കൊമ്പനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടു വരണമെന്ന ഹർജി; പബ്ലിസിറ്റി താത്പര്യ ഹർജിയാണെന്ന വിമർശനവുമായി മദ്രാസ് ഹൈക്കോടതി

മധുര: അരിക്കൊമ്പനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടു വരണമെന്ന ഹർജിക്കെതിരെ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. മലയാളിയായ റബേക്ക ജോസഫ് നൽകിയ പൊതുതാത്പര്യ ഹർജിക്കെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. പബ്ലിസിറ്റി താത്പര്യ ഹർജിയാണിതെന്നായിരുന്നു കോടതിയുടെ വിമർശനം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന റബേക്കയുടെ ആവശ്യം തള്ളിയ കോടതി ഹർജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന് കൈമാറാൻ നിർദേശിച്ചു. ജസ്റ്റിസുമാരായ കെ സുബ്രഹ്മണ്യൻ വിക്ടോറിയ ഗൗരി എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് റബേക്ക ഹർജി സമർപ്പിച്ചത്. അജ്ഞാത സ്ഥലത്ത് തുറന്ന് വിടുന്നതിന് പകരം ആനയ്ക്ക് പരിചിതമായ കേരളത്തിലെ മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിന്റെ അതിർത്തിയിലുള്ള തമിഴ്‌നാട് വനങ്ങളിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.

ജസ്റ്റിസ് എൻ സതീഷ് കുമാർ, ജസ്റ്റിസ് ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഫോറസ്റ്റ് ബെഞ്ച് പശ്ചിമഘട്ടവും മറ്റ് വനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം കേസുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും ആ ബെഞ്ച് അരിക്കൊമ്പൻ ഹർജി പരിഗണിക്കുന്നതാണ് നല്ലതെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങൾ ഇക്കാര്യത്തിൽ വിദഗ്ദരല്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.