ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസിനെതിരെ കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി.
’36 മണിക്കൂറിലേറെ അപകടസ്ഥലത്തു നിന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കാന്‍ നടപടി കൈക്കൊള്ളുകയും ചെയ്യുന്ന മന്ത്രിക്കെതിരെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് സംഭവിച്ച മുംബൈ ഭീകരാക്രമണത്തില്‍ എന്‍എസ്ജി 10 മണിക്കൂറിനു ശേഷമാണ് സ്ഥലത്തെത്തിയത്. ബാലസോറില്‍ വെറും 51 മണിക്കൂറിനുള്ളില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായി. അധികം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലസോറിലെത്തി ദുരന്തസ്ഥലം സന്ദര്‍ശിച്ചു. മൂന്നു കേന്ദ്രമന്ത്രിമാരും സ്ഥലത്തുണ്ടായിരുന്നു. അപകടം നടന്ന് 51 മണിക്കൂറിനുള്ളില്‍ അവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുമായി. ബാലസോറിലുണ്ടായ വന്‍ ദുരന്തത്തില്‍നിന്നു രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിടുക്കം. വലിയൊരു ദുരന്തം സംഭവിച്ച് രാജ്യം ഒന്നിച്ചുനിന്ന് അതിനെ നേരിടുമ്പോള്‍, ചില പാര്‍ട്ടികള്‍ അതിന്റെ പേരില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണു ശ്രമിച്ചത്. മറ്റു ചിലരാകട്ടെ അതേസമയത്ത് വിദേശമണ്ണില്‍ വച്ച് ഇന്ത്യയ്ക്കെതിരെ ക്യാംപെയ്ന് നടത്താന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുകയും ചെയ്തു’- അദ്ദേഹം പറഞ്ഞു.
അതേസമയം, വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും നേരത്തെ രംഗത്തെത്തിയിരുന്നു. ‘2011ല്‍ 24 മണിക്കൂറിനിടെ രണ്ട് ട്രെയിന്‍ അപകടങ്ങള്‍ സംഭവിച്ചിരുന്നു. എഴുപതിലധികം പേര് മരിക്കുകയും ചെയ്തു. അന്ന് റെയില്‍വേയ്ക്കായി ക്യാബിനറ്റ് മന്ത്രി പോലുമുണ്ടായിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസുകാരനായ സഹമന്ത്രിയോട് ഗുവാഹത്തി സന്ദര്‍ശിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് ആവശ്യപ്പെട്ടെങ്കിലും, അദ്ദേഹം പോയില്ല. അന്ന് മുകുള്‍ റോയിയുടെ രാജി മമത ബാനര്‍ജിയും ആവശ്യപ്പെട്ടില്ല. എന്തുകൊണ്ടാണ് അത്? യുപിഎ സര്‍ക്കാരില്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരുടെ ട്രാക്ക് റെക്കോര്‍ഡ് ‘ദുരന്ത’മായിരുന്നു’- മാളവ്യ ട്വീറ്റ് ചെയ്തു.

