നീതി ലഭിക്കാൻ ജോലി തടസ്സമാണെങ്കിൽ ജോലി രാജി വെക്കാനും തനിക്ക് മടിയില്ല; സാക്ഷി മാലിക്

ന്യൂഡൽഹി: നീതി ലഭിക്കാൻ ജോലി തടസ്സമാണെങ്കിൽ ജോലി രാജി വെക്കാനും തനിക്ക് മടിയില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. തന്നെ ജോലി കാണിച്ച് പേടിപ്പിക്കരുതെന്ന് താരം വ്യക്തമാക്കി. ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധം നടത്തുന്നതിനിടെ സാക്ഷി മാലിക് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സാക്ഷി മാലിക് തിരികെ ജോലിയിൽ പ്രവേശിച്ചത്. നോർത്തേൺ റെയിൽവേയിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി. താൻ സമരത്തിൽ നിന്നും പിന്മാറിയെന്ന വാർത്ത തെറ്റാണെന്നും സാക്ഷി മാലിക് വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ചയാണ് സാക്ഷിയും ബജ്‌റംഗ് പൂനിയയും അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത്. സമരത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നാണ് സാക്ഷിയുടെ നിലപാട്. നീതിക്ക് വേണ്ടി പോരാട്ടം തുടരും. ജോലിക്കൊപ്പം പോരാട്ടം തുടരുമെന്നും തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും സാക്ഷി ആവശ്യപ്പെട്ടു.