കോണ്‍ഗ്രസ് വിടുമോ? നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി സച്ചിന്‍ പൈലറ്റ്

ജയ്പുര്‍: കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് സച്ചിന്‍ പൈലറ്റെന്ന് സൂചന. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമദിനമായ ജൂണ്‍ 11-ന് സച്ചിന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയേക്കും. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരിലോ പ്രജാതന്ത്ര കോണ്‍ഗ്രസ് എന്ന പേരിലോ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം സച്ചിന്‍ നടത്തിയേക്കുമെന്നാണ് വിവരം.

പൈലറ്റിന്റെ പുതിയ തീരുമാനം രാജസ്ഥാന്‍ രാഷ്ട്രീയം പുതിയ വഴിത്തിരിവിലെത്താനാണ് സാധ്യത. ദൗസയിലോ ജയ്പുരിലെ വെച്ചായിരിക്കും പൈലറ്റിന്റെ നിര്‍ണായക പ്രഖ്യാപനം. പുതിയ പാര്‍ട്ടി രൂപവല്‍ക്കരിക്കുന്നതോടെ എത്ര കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നതും ഗഹലോത്ത് സര്‍ക്കാരിനെ ഇത് എങ്ങനെ ബാധിക്കുമെന്നതുമാണ് ഇനി അറിയേണ്ടത്. 2020-ല്‍ ഗഹ്‌ലോത്ത് സര്‍ക്കാരിനെതിരെ പൈലറ്റ് നടത്തിയ പരസ്യമായ വിമതനീക്കത്തില്‍ 30 എം.എല്‍.എമാരുടെ പിന്തുണയാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നെങ്കിലും 19 എം.എല്‍.എമാരായിരുന്നു കൂടെ നിന്നത്. ഈ വിമതനീക്കത്തോടെയാണ് സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനവും നഷ്ടമായത്.

അതേസമയം, മുന്‍ ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗഹലോത്ത് സര്‍ക്കാരിനെതിരെ പൈലറ്റ് നേരത്തെ പ്രക്ഷോഭം ആരംഭിച്ചിരുന്നു. അജ്മിര്‍ മുതല്‍ ജയ്പുര്‍ വരെ 125 കിലോ മീറ്റര്‍ പദയാത്രയും നടത്തിയിരുന്നു. ഇതിനിടെ ഒരാഴ്ച മുമ്പ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ നാല് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുനേതാക്കളേയും ഒരുമിച്ച് നിര്‍ത്തി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.