തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരെ റിയാസ് ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബത്തെ സംരക്ഷിക്കാനാണ് മന്ത്രി മുഹമ്മദ് റിയാസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ ഫോൺ പദ്ധതിയെ കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു.
കെ ഫോണിൽ ഗുരുതര ക്രമക്കേടുണ്ടായി. ഗുണമേന്മയില്ലാത്ത ചൈനീസ് കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നിബന്ധനകൾ ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ആറ് വർഷം കഴിഞ്ഞിട്ടും എത്ര കണക്ഷനുകൾ കൊടുത്തുവെന്നതിൽ വ്യക്തതയില്ല. ജില്ല തിരിച്ച് കണക്ഷൻ നൽകിയതിന്റെ കണക്ക് സർക്കാർ പുറത്തുവിടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന പദ്ധതികളാണ് അഴിമതി ക്യാമറയും കെ ഫോണും. ഇന്ന് അഴിമതി ക്യാമറ കണ്ണുതുറന്നു. സാധാരണക്കാരന്റെ പോക്കറ്റിലേക്കാണ് അഴിമതി ക്യാമറ കണ്ണ് തുറന്നത്. ഇവർ അഴിമതി നടത്തിയ പണം നമ്മുടെയൊക്കെ പോക്കറ്റിൽ നിന്നാണ് കൊടുക്കേണ്ടത്. ഒരു ദിവസം ഇരുപത്തയ്യായിരം നോട്ടീസ് അയക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഗതാഗത ലംഘനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ നോട്ടീസ് എത്രയാണെന്ന് തീരുമാനിച്ചുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

