അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് – കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമായി. അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റും രൂപപ്പെടുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും.

തീവ്രന്യൂനമർദ്ദം കാലവർഷ പുരോഗതിയെ അനുകൂലമായി ബാധിക്കുമെന്നും കേരളത്തിൽ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അറബിക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമായി മാറിയതോടെ ഇന്ന് കേരളത്തിൽ മഴ കനത്തേക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ/കാറ്റോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ജൂൺ 7 മുതൽ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.