വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം; ഏറ്റവും കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നത് ഈ ജില്ലയിൽ…

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. സംസ്ഥാനത്തെ 1057 സ്‌കൂളുകൾ ലഹരിമാഫിയയുടെ വലയിലാണെന്നാണ് പോലീസ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പൊതുവിദ്യാലയങ്ങളും അൺ എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടെയുള്ള കണക്കാണിത്. വിദ്യാർത്ഥികളെ കാരിയർമാരായി ദുരുപയോഗം ചെയ്യുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലഹരി വിൽപ്പനയ്ക്ക് വനിതകളെയും നിയോഗിച്ചിട്ടുണ്ട്. ചില സ്‌കൂളുകൾക്കുള്ളിൽ ലഹരി സൂക്ഷിക്കാൻ പ്രത്യേക സ്ഥലമുണ്ട്. സർക്കാരിനും എക്‌സൈസിനും നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്‌കൂളുകളുടെ പേര്, ലഹരി വിൽക്കുന്ന കടകൾ, വ്യക്തികൾ, വിൽക്കുന്ന ലഹരിവസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

കാരിയറാക്കാൻ പറ്റുന്ന വിദ്യാർത്ഥികളെ ലഹരി മാഫിയ കണ്ടെത്തുന്നത് വാട്‌സ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ചാണ്. പായ്ക്കറ്റിന് 200 മുതൽ 500 രൂപ വരെയാണ് വില. ലഹരി നൽകി ചൂഷണത്തിന് ഇരയാക്കിയതായി കൗൺസലിംഗിൽ പെൺകുട്ടികൾ വെളിപ്പെടുത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എറണാകുളം ജില്ലയിലാണ് വീര്യമേറിയ പുതുതലമുറ ഡ്രഗ്ഗുകൾ ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്നത്. വിമുക്തി മിഷന്റെ കണക്ക് അനുസരിച്ച് തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്.