തരംമാറ്റുന്ന ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തരംമാറ്റുന്ന ഭൂമിയുടെ ന്യായവില അടിയന്തരമായി വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. തരംമാറ്റിയ വസ്തുവിന് തൊട്ടടുത്തുള്ള പുരയിടത്തിന്റെ ന്യായവില നിശ്ചയിക്കും. നിലവും മറ്റും പുരയിടമായി തരംമാറ്റാനുള്ള ലക്ഷക്കണക്കിന് അപേക്ഷകള്‍ ലഭിക്കുകയും അനുമതി ലഭിച്ചവ കുറഞ്ഞ മതിപ്പ് വില രേഖപ്പെടുത്തി വില്പന നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യഥാര്‍ത്ഥ പുരയിടങ്ങളുടെ ന്യായവില ഇവയ്ക്കും ബാധകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം, ന്യായവിലയുടെ എട്ട് ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രണ്ട് ശതമാനം രജിസ്‌ട്രേഷന്‍ ഫീസും. സ്റ്റാമ്പ് ഡ്യൂട്ടിയായും രജിസ്‌ട്രേഷന്‍ ഫീസായും ഇതോടെ വന്‍തുക സര്‍ക്കാരില്‍ വന്നുചേരും. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമി തരംമാറ്റാനുള്ള അനുമതി നല്‍കിയതോടെ വന്‍തോതിലാണ് തരംമാറ്റ അപേക്ഷ ലഭിച്ചത്. രണ്ടര ലക്ഷത്തോളം കടലാസ് അപേക്ഷകള്‍ താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് റവന്യു വകുപ്പ് തീര്‍പ്പാക്കിയത്. 2022 ജനുവരി ഒന്നു മുതല്‍ തരംമാറ്റത്തിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. 2023 മേയ് 30 വരെ രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ഓണ്‍ലൈന്‍ വഴി കിട്ടിയത്.

ന്യായവില മാനദണ്ഡം അറിയാം…

പുരയിടമെന്നും നിലമെന്നും വേര്‍തിരിക്കും.

റോഡുകളുടെ സാമീപ്യം (ദേശീയപാത, സംസ്ഥാന പാത, പൊതുമരാമത്ത് , പഞ്ചായത്ത്, മുനിസിപ്പല്‍ ).

പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥ (നഗരം, പട്ടണം, ഗ്രാമം)

മാര്‍ക്കറ്റ് വില