ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഒഡീഷ ട്രെയിൻ ദുരന്തത്തിനിടയാക്കിയ വീഴ്ചകൾ ഉയർത്തിക്കാട്ടിയാണ് ഖാർഗെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ഇന്ത്യൻ റെയിൽവേ നേരിടുന്ന പതിനൊന്ന് പ്രശ്‌നങ്ങൾ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റെയിൽവേയിൽ ഏതാണ് മൂന്ന് ലക്ഷത്തോളം ഒഴിവുകളുണ്ട്. ഇക്കാരണത്താൽ ഇപ്പോഴുള്ള ലോക്കോപൈലറ്റുമാർ അധിക സമയം ജോലി ചെയ്യേണ്ടി വരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേയ്ക്കായി നീക്കി വയ്ക്കുന്ന പണത്തിന്റെ അളവ് എന്തുകൊണ്ട് ഓരോ വർഷവും കുറയുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സിഗ്നലിംഗ് സംവിധാനത്തിന്റെ തകരാറുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ദക്ഷിണ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവേ മന്ത്രാലയത്തിൽ കത്തയച്ചിരുന്നു. എന്നാൽ ആ കത്ത് പരിഗണിക്കപ്പെട്ടില്ല. റെയിൽ സുരക്ഷയെ കുറിച്ചുള്ള പാർലമെന്ററി സമിതിയുടെ റിപ്പോർട്ടും അവഗണിക്കപ്പെട്ടു. പാളം തെറ്റലും സുരക്ഷയും സംബന്ധിച്ച സിഐജിയുടെ റിപ്പോർട്ടും പരിഗണിച്ചില്ലെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കവച് പദ്ധതി രാജ്യത്തിന്റെ എന്തുകൊണ്ട് നാല് ശതമാനം ഭാഗത്ത് മാത്രം നടപ്പിലാക്കി. റെയിൽ ബഡ്ജറ്റും യൂണിയൻ ബഡ്ജറ്റും ഒന്നിച്ചാക്കാനുള്ള തീരുമാനം എന്തിന് വേണ്ടിയാണ്. റെയിൽവേയ്ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന ഇല്ലാതാക്കുന്നതല്ലേ ഈ തീരുമാനം. പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഇളവുകൾ എന്തിനാണ് റെയിൽവേ എടുത്ത് മാറ്റിയത്. അപകട കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി പറയുന്നു. അതേ മന്ത്രി തന്നെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതെങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

