കൊച്ചി: പോക്സോ കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള തുടർ നടപടികൾ റദ്ദാക്കി. ഹൈക്കോടതിയാണ് രഹ്നാ ഫാത്തിമക്കെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കിയത്. നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോക്‌സോ, ഐ ടി ആക്ട് വകുപ്പുകളായിരുന്നു രഹ്നയ്‌ക്കെതിരെ ചുമത്തിയിരുന്നത്.
ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. രഹ്ന നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രഹ്നക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പരാതിയുമായി പോലീസിനെ സമീപിച്ചത്.

