കെപിസിസി പുനസംഘടന: സമവായത്തിലൂടെ നിര്‍ദ്ദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാന്‍

കണ്ണൂര്‍: സമവായത്തിലൂടെ പുനഃസംഘടനയെന്ന നിര്‍ദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാന്‍. അര്‍ദ്ധ രാത്രി വാട്‌സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടന കോണ്‍ഗ്രസില്‍ കലാപത്തിലേക്കാണ് നീങ്ങുന്നത്. ഡിസിസി യോഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിച്ച് ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസ്സഹകരിക്കാന്‍ എ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് എംകെ രാഘവന്‍ എം പി ഇന്നലെ വിമര്‍ശിച്ചത്. പുനഃസംഘടന പ്രഖ്യാപനം നിരാശജനകമാണെന്നാണ് ബെന്നി ബഹനാന്‍ ഇന്ന് പ്രതികരിച്ചത്. നേതൃത്വത്തെ ഇനി കാണില്ല. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിര്‍ദ്ദേശം നടപ്പായില്ല. ഓരോരുത്തരെ അടര്‍ത്തിയെടുത്ത് ചിലര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്നു. പുതിയ ഗ്രൂപ്പുണ്ടാക്കിയാല്‍ പഴയ ഗ്രൂപ്പ് സജീവമാക്കും. ഉമ്മന്‍ചാണ്ടിയുടെ മനസറിയാതെയാണ് പുനഃസംഘടന നടന്നത്. കോണ്‍ഗ്രസിലെ ഐക്യശ്രമങ്ങള്‍ക്ക് എതിരാണ് പുനഃസംഘടന’-ബെന്ന്ി ബഹനാന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടികയില്‍ അടിയന്തിര മാറ്റം വേണമെന്ന് തന്നെയാണ് എ-ഐ ഗ്രൂപ്പുകളുടെ നിലപാട്. കൂടുതല്‍ നഷ്ടമുണ്ടായെന്ന പരാതിപ്പെടുന്ന എ ഗ്രൂപ്പ് നിസഹകരണം പ്രഖ്യാപിച്ചു. ഡിസിസി യോഗങ്ങളിലടക്കം ഇനി പങ്കെടുക്കില്ല. മണ്ഡലം പ്രസിഡണ്ടുമാരെ കണ്ടെത്താനുള്ള പുനസംഘടനാ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കും.