അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. ആനയെ കാട്ടില്‍ തുറന്നുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. ആനയെ കേരളത്തിന് കൈമാറണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി നാളെ രാവിലെ 10.30ന് മധുര ബെഞ്ച് പരിഗണിക്കും.

അതേസമയം, പൂശാനംപെട്ടിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് അരിക്കൊമ്പനെ പിടികൂടിയത്. കാടുവിട്ട് ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. രണ്ട് ഡോസ് മയക്കുവെടി വച്ചതിനു ശേഷം എലിഫെന്റ് ആംബുലന്‍സില്‍ കയറ്റിയാണ് കൊണ്ടുപോയത്.

എന്നാല്‍, മയങ്ങിയിരുന്ന ആന യാത്ര പുറപ്പെട്ടതോടെ മയക്കംവിട്ട നിലയിലാണ്. വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും തുമ്പിക്കൈ നീട്ടുകയും ചെയ്തു. ലോറിയില്‍വച്ചുതന്നെ ആനയ്ക്ക് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കുമെന്നാണ് സൂചന.