‘പിണറായി സര്‍ക്കാര്‍ ദയനീയ പരാജയം’; സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്‌

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്. മുന്നണിയിലെ മുന്‍നിര നേതാക്കള്‍ പങ്കെടുക്കുന്ന സമരത്തില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം ജനസമക്ഷം യുഡിഎഫ് അവതരിപ്പിക്കും.

രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ എല്ലാ ഗേറ്റുകളും വളഞ്ഞു. പിന്നാലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകരും 9 മണിക്കു മുന്‍പായി ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിനു മുന്നില്‍ അണിനിരക്കും. സെക്രട്ടേറിയേറ്റിലെ മൂന്നു ഗേറ്റുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വളയും.

അതേസമയം, ‘മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നതെന്നും വലിയ അഴിമതിക്കഥകള്‍ വൈകാതെ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. ‘പിണറായി സര്‍ക്കാര്‍ ദയനീയ പരാജയമാണ്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേല്‍ ആയിരം കോടിയുടെ നികുതി ഭാരം സര്‍ക്കാര്‍ കെട്ടിവെക്കുകയാണ്. ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാറിനും പാസ് മാര്‍ക്ക് പോലും നല്‍കില്ല. ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. അഴിമതിയുമായി ബന്ധമില്ലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് വെല്ലുവിളിക്കുകയാണ്. മറുപടി പറഞ്ഞാല്‍ പ്രതിപക്ഷം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമില്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ എന്തിനാണ് ജയിലില്‍ പോയത്. പിണറായി വിജയന് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. വലിയ അഴിമതി കഥകള്‍ വൈകാതെ പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി വരും’-അദ്ദേഹം ചൂണ്ടിക്കാട്ടി.