ന്യൂയോർക്ക്: കർണാടകയിൽ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുകയല്ല തകർക്കുകയാണു ചെയ്തതെന്ന് രാഹുൽ ഗാന്ധി. ബിജെപിയെ തകർക്കാൻ കഴിയുമെന്ന് കർണാടകയിൽ കോൺഗ്രസ് കാണിച്ചുതന്നെന്നു അദ്ദേഹം വ്യക്തമാക്കി. യുഎസിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തെലങ്കാനയിൽ ബിജെപിയെ തകർക്കാനാണ് അടുത്ത നീക്കം. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ തെലങ്കാനയിൽ ബിജെപിയെ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എല്ലാ വഴികളും കർണാടക തിരഞ്ഞെടുപ്പിൽ പരീക്ഷിച്ചു. മുഴുവൻ മാധ്യമങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. സർക്കാരുകളും ഏജൻസികളും പണവും അവർക്കൊപ്പമുണ്ടായിരുന്നു. എല്ലാം അവർക്കുണ്ടായിരുന്നുവെങ്കിലും തങ്ങൾ അവരെ തകർത്തുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇനി തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. കർണാടകയിൽ ബിജെപിയോട് ചെയ്തതു തന്നെ ഈ സംസ്ഥാനങ്ങളിലും ആവർത്തിക്കും. ബിജെപിയെ പരാജയപ്പെടുത്താൻ പോകുന്നത് കോൺഗ്രസല്ലെന്നും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും തെലങ്കാനയിലെയും ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

