കോഴിക്കോട്: സിപിഎമ്മിനുള്ളിൽ ചർച്ചയായി മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം. പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ടെന്നുമുള്ള റിയാസിന്റെ പരാമർശമാണ് സിപിഎമ്മിനുള്ളിൽ ചർച്ചാ വിഷയമായത്. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ, വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് റിയാസ് നൽകിയ മറുപടിയിലായിരുന്നു പ്രതിച്ഛായ പരാമർശം.
മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്നും അദ്ദേഹം വെളിപ്പെടുത്തി.
മുഖ്യമന്ത്രിയെ പിന്തുണച്ചാൽ പിന്തുണയ്ക്കുന്നവർ ഫാൻസ് അസോസിയേഷൻ ആകുമെന്ന ശങ്ക വേണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

