കൊച്ചി: തൃശൂർ രൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിലുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാ.റെനി മുണ്ടെൻകുര്യൻ, ഫാ.അലക്‌സ് മാപ്രാണി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.കൊച്ചിയിൽ അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ വേണ്ടിയാണ് അമിത് ഷാ കേരളത്തിൽ എത്തിയത്. ആരോഗ്യ രംഗത്ത് മാറ്റങ്ങൾ വരുത്തുവാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു.
ലോകത്തിന് തന്നെ മാതൃകയാണ് അമൃതാനന്ദമയിയുടെ പ്രവർത്തനങ്ങളെന്ന് അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ആതുര ചികിത്സാരംഗത്ത് നിർണായകമായ ചുവടുവെപ്പുകളാണ് അമൃതാനന്ദമയിയുടെ നേതൃത്വത്തിലുള്ള അമൃത ആശുപത്രി നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ വഴി ജനങ്ങൾക്കുള്ള ചികിത്സാ സഹായങ്ങൾ വർദ്ധിപ്പിച്ചു. 648 മെഡിക്കൽ കോളേജുകളാണ് രാജ്യത്തുള്ളത്. കൂടാതെ, മെഡിക്കൽ സീറ്റുകളുടെ എണ്ണം കൂട്ടി. കോവിഡ് കാലത്ത് വാക്‌സിനേഷൻ പ്രക്രിയ കാര്യക്ഷമം ആക്കിയത് ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

