ഒഡീഷ ട്രെയിൻ അപകടം; സിബിഐ അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം നടത്തും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തെ കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി അദ്ദേഹം പറഞ്ഞു.

ട്രെയിൻ അപകടത്തിന് പിന്നാലെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റെയിൽവേ ബോർഡ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.

അപകട സ്ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയായി. റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണ്. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഉന്നത തല അന്വേഷണം പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചു. റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അപകടത്തിന്റെ കാരണം തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.