കമ്പം: മയക്കുവെടി വച്ച് വീഴ്ത്തിയ അരിക്കൊമ്പനെ തിരുനെല്‍വേലി കാട്ടിലേക്ക് കൊണ്ടുപോകുമെന്ന് റിപ്പോര്‍ട്ട്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെ തമിഴ്‌നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ച് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടു.
രാത്രി ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. ഇവയുടെ സഹായത്തോടെയാണ് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക.
അതേസമയം, അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാല്‍ എവിടേക്ക് മാറ്റുന്നുവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. മയക്കുവെടിയേറ്റ അരിക്കൊമ്പന്‍ പാതിമയക്കം വിട്ട നിലയിലാണ്. വാഹനത്തില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും.

