തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി; അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിൽ ഇന്ന് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്നുള്ള 24 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

കേരള- കർണാടക തീരങ്ങളിൽ ജൂൺ എട്ട് വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള-കർണാടക തീരം, ലക്ഷദ്വീപ്, മാലദ്വീപ്, തെക്ക്- കിഴക്കൻ അറബിക്കടൽ, ശ്രീലങ്കൻ തീരത്തിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ചില അവസരങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകും. ജൂൺ ഏഴിന് കന്യാകുമാരിയിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം ഒഴിവാക്കണം. തെക്കൻ തമിഴ്നാട് തീരത്ത് 05.06.2023 രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 25 cm നും 70 cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.