വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും; മുന്നറിയിപ്പ് നൽകി ഒഡീഷ പോലീസ്

ന്യൂഡൽഹി: വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒഡീഷ പോലീസ്. ഒഡീഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ അപകടത്തിന് വർഗീയ നിറം നൽകാൻ ചിലർ ഗൂഢനീക്കങ്ങൾ നടത്തുന്നുവെന്നും അത്തരക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ബാലസോറിൽ നടന്ന ദാരുണമായ ദുരന്തത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് സാമുദായിക ഐക്യം തകർക്കാൻ സാമൂഹിക മാധ്യമങ്ങൾവഴി ചിലർ ശ്രമം നടത്തുന്നുണ്ട്. ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. 288പേർക്കാണ് ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടമായത്. 900 ത്തിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ട്രെയിൻ അപകടമുണ്ടാകാനുള്ള കാരണം കണ്ടെത്തിയെന്ന് റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹ അറിയിച്ചു. സിഗ്‌നൽ സംവിധാവുമായി ബന്ധപ്പെട്ട ചില തകരാറുകൾ ശ്രദ്ധയിൽപ്പെട്ടെന്നും അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ജയ വർമ സിൻഹ പറഞ്ഞു.