‘ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കണം; ഞങ്ങള്‍ ആരെയും സംരക്ഷിക്കുന്നില്ല’: കേന്ദ്ര കായികമന്ത്രി

ബ്രിജ് ഭൂഷണെതിരായ പരാതിയില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍.

‘പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം നടത്തുകയാണ്. കായിക രംഗത്തിന്റെയും കായികതാരങ്ങളുടെയു പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ എപ്പോഴും ശ്രമിക്കുകയാണ്. ഞങ്ങള്‍ ആരെയും സംരക്ഷിക്കുന്നില്ല. ആരെയും സംരക്ഷിക്കാന്‍ കഴിയുകയുമില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ന്യായമായ അന്വേഷണം നടത്താനാണ് ആഗ്രഹിക്കുന്നത്. അതില്‍ നിന്ന് പിന്നോട്ടുപോവില്ല. പരാതിപ്പെട്ട മൂന്ന് താരങ്ങള്‍ സംസാരിച്ച അന്ന് തന്നെ ഞാന്‍ യാത്രകളൊഴിവാക്കി ഡല്‍ഹിയില്‍ തിരികെയെത്തി. ഞങ്ങള്‍ തുടരെ രണ്ട് ദിവസം കണ്ടു. ഏഴ് വര്‍ഷം പഴക്കമുള്ള പരാതിയാണ് താരങ്ങള്‍ക്കുള്ളത്. പരാതി അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക കമ്മറ്റി ഗുസ്തി താരങ്ങളുമായി 14 തവണ കൂടിക്കാഴ്ച നടത്തി. ഓരോ താരത്തിനും അവരുടെ കാര്യം പറയാന്‍ അവസരം ലഭിച്ചു. റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞങ്ങള്‍ അത് ഡല്‍ഹി പൊലീസിന് കൈമാറി. പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. സുപ്രിം കോടതിയെ വിവരമറിയിച്ചു. അന്വേഷണം ആരംഭിച്ചു. താരങ്ങളുടെയും ബ്രിജ് ഭൂഷണിന്റെയും മൊഴികള്‍ രേഖപ്പെടുത്തി. കുറ്റപത്രത്തിനനുസരിച്ച് നടപടി സ്വീകരിക്കും. അന്വേഷണം കഴിയും വരെ കാക്കണം. ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കണം’- അദ്ദേഹം വ്യക്തമാക്കി.