തിരുവനന്തപുരം: സംസ്ഥാനത്ത് 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളില്‍ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
‘കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല. തിങ്കള്‍ രാവിലെ എട്ട് മണി മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെല്‍മെറ്റ് സീറ്റ്‌ബെല്‍ട്ട്, മൊബൈല്‍ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കര്‍ശനമാക്കുന്നത് ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കില്‍ കേരളം മുന്നിലാണ്. ശരാശരി 161 അപകടങ്ങള്‍. പ്രതിദിനം ശരാശരി 12 മരണം. വാഹനങ്ങള്‍ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നു. ഇത് ഒഴിവാക്കണം. നൈറ്റ് വിഷന്‍ അടക്കം മികച്ച ക്യാമറ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചപ്പോള്‍ 692 എണ്ണം പ്രവര്‍ത്തന സജ്ജമാണ്. 34 എണ്ണം ഇനിയും സജ്ജമാകേണ്ടതുണ്ട്. ജൂണ്‍ രണ്ടിന് 242746 റോഡ് നിയമലംഘനം പിടിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അഴിമതി ഉണ്ടെങ്കില്‍ അത് പ്രതിപക്ഷം തെളിയിക്കണം’- മന്ത്രി ആവശ്യപ്പെട്ടു.

