ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോള്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ല; ഫോറന്‍സിക് റിപ്പോര്‍ട്ട്‌

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോള്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കൊട്ടാരക്കര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്നുള്ള ഡോക്ടേഴ്‌സ് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം സന്ദീപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു നിരീക്ഷിച്ചു വരികയായിരുന്നു. മാനസിക പ്രശ്‌നങ്ങളുളള ആളല്ല പ്രതി എന്നാണ് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്. പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിന്റെ മാനസിക നില പരിശോധിച്ചത്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനും കോടതിക്കും ഉടന്‍ കൈമാറും.

അതേസമയം, കുറ്റപത്രവും വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.