ഒരു മന്ത്രിക്ക് ഇത്രയും വലിയ മന്ത്രാലയങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല; അശ്വിനി വൈഷ്ണവിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഒരു മന്ത്രിക്ക് ഇത്രയും വലിയ മന്ത്രാലയങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്നർക്കായി പ്രവർത്തിക്കുമ്പോൾ സാധാരണക്കാരെ അവഗണിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അശ്വിനി വൈഷ്ണവ് കൈകാര്യം ചെയ്യുന്നത് ഐടി, ഇലക്ട്രോണിക്‌സ്, റെയിൽവെ വകുപ്പുകളാണ്. ആരും ഉത്തരവാദിത്വമേറ്റെടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഡീഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യം. ലാൽ ബഹദൂർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു സിന്ധ്യ എന്നിവരെ പോലെ, റെയിൽവെ മന്ത്രിയിൽ നിന്ന് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണണമെന്ന് കോൺഗ്രസ് വക്താവ് പവർഖേര പറഞ്ഞു.

കോറമാണ്ഡലിലിലെ യാത്രക്കാർക്ക് ശ്വാസമെടുക്കാൻ പോലും സാധിക്കുമായിരുന്നില്ല.ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പുരാണങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നും പഠിക്കണം. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തരമായി റെയിൽവെ മന്ത്രി രാജിവെക്കണം. സിഎജി റിപ്പോർട്ട് ചർച്ച ചെയ്യേണ്ടതുണ്ട്. പല മുന്നറിയിപ്പുകളും ഉണ്ടായിട്ടും സിഗ്നലിങ് സിസ്റ്റത്തിൽ ഉണ്ടായ വീഴ്ച കുറ്റകരമാണ്. സ്വാഭാവിക ദുരന്തമല്ല ഉണ്ടായത്. ഉപേക്ഷ കൊണ്ട് ഉണ്ടായ മനുഷ്യനിർമിത ദുരന്തമാണിത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.