തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാന്‍ ചിപ്‌സണ്‍ ഏവിയേഷന് കരാര്‍ നല്‍കാന്‍ രണ്ടു മാസം മുമ്പ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായെങ്കിലും ടെണ്ടര്‍ കാലാവധി കഴിഞ്ഞതിനാല്‍ തീരുമാനം അനിശ്ചിതത്വത്തിലായി.
ആറു സീറ്റുള്ള ഹെലികോപ്റ്റര്‍ മൂന്നു വര്‍ഷത്തേക്ക് വാടകക്കു നല്‍കാനാണ് ചിപ്‌സണിന് കരാര്‍ ലഭിച്ചത്. 25 മണിക്കൂര്‍ പറക്കാന്‍ എണ്‍പത് ലക്ഷത്തിനായിരുന്നു 2022 ഡിസംബര്‍ മാസത്തില്‍ ഉറപ്പിച്ച ടെണ്ടര്‍. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആഭ്യന്തരവകുപ്പ് അയച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഹെലിക്‌പോറ്റര്‍ വാടക്കെടുക്കുന്ന വിഷയം വിവാദമായതോടെ കമ്പനിയുമായി അന്തിമകരാര്‍ ഒപ്പുവയ്ക്കുന്നതിന് മന്ത്രിസഭ തീരുമാനമെടുത്തില്ല. കഴിഞ്ഞ ജൂലൈയില്‍ ടെണ്ടര്‍ കാലാവധി കഴിഞ്ഞതോടെ ബാങ്ക് ഗ്യാരണ്ടിയായ തുക തിരികെ ആവശ്യപ്പെട്ട് കമ്പനി സര്‍ക്കാരിനെ സമീപിച്ചു. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ചേര്‍ന്ന മന്ത്രിസഭയോഗം ചിപ്‌സണുമായുള്ള കരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. മന്ത്രിസഭ തീരുമാനമെടുത്തപ്പോഴാണ് ടെണ്ടര്‍കാലാവധി കഴിഞ്ഞ ശേഷമാണ് അനുമതി നല്‍കിയതെന്നത് ആഭ്യന്തരവകുപ്പും തിരിച്ചറിഞ്ഞത്. ഇതോടെ അന്തിമ കരാര്‍ നിയമക്കുരുക്കിലായി.
അതേസമയം, ചിപ്‌സണ്‍ അടക്കമുള്ള എല്ലാ കമ്പനികളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. ഒന്നാം പിണറായി സര്‍ക്കാറിന്റ കാലത്ത് ടെണ്ടര്‍ ഇല്ലാതെ പവന്‍ഹന്‍സ് എന്ന കമ്പനിയില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാന്‍ തീരുമാനമെടുത്തത് വിവാദമായിരുന്നു.

