വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചു; വി എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് നോട്ടീസ്

കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

നേരത്തെ കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഇഡി ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ഉന്നയിച്ച് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. തിങ്കളാഴ്ച ഹാജരാകാൻ ശിവകുമാർ സന്നദ്ധത അറിയിച്ചെന്നും അതുകൊണ്ടാണ് കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാതെ ഇഡി നാലാം തവണയും ശിവകുമാറിന് നോട്ടീസ് നൽകിയതെന്നുമാണ് റിപ്പോർട്ട്.

ശിവകുമാറിന് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് നേരത്തെ വിജിലൻസും കണ്ടെത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ശിവകുമാർ മന്ത്രിയായിരുന്ന സമയത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ, നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിനാമി ഇടപാടുകൾ, ഒരു ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.