കൊച്ചിയിലെ മാലിന്യം തത്ക്കാലം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല; വ്യവസായ മന്ത്രി

കൊച്ചി: കൊച്ചിയിലെ മാലിന്യം തത്ക്കാലം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി പി രാജീവ്. ഇക്കാര്യം മേയറോട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സ്വകാര്യ ഏജൻസികൾ കാര്യക്ഷമം അല്ലാത്ത സാഹചര്യത്തിൽ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് പോകുന്നതിനു സർക്കാരിനെ സമീപിക്കുമെന്നു കൊച്ചി മേയർ എം അനിൽകുമാർ അറിയിച്ചിരുന്നു. പ്രശ്‌നം ചർച്ച ചെയ്യാൻ അടുത്ത ആഴ്ച തദ്ദേശ മന്ത്രിയുടെയും കൂടി സാന്നിധ്യത്തിൽ യോഗം ചേരും. കൊച്ചിയിൽ സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിച്ചെന്ന് പറയാനാകില്ലെന്നും മേയർ വ്യക്തമാക്കി.

ആദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. പ്രതിസന്ധി സ്വാഭാവികമാണ്. മാലിന്യ സംസ്‌കരണത്തിലെ ചെലവ് കുറയ്ക്കുന്നതും രീതിയിൽ വന്ന മാറ്റവും പലരെയും പ്രകോപിപ്പിക്കുന്നുണ്ട്. നിലവിൽ രണ്ട് ഏജൻസികളാണ് മാലിന്യം ശേഖരിക്കുന്നത്. കൂടുതൽ മാലിന്യ സംസ്‌കരണത്തിനായി സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിലെ ചെലവിലടക്കം വലിയ കുറവ് കൊണ്ടുവരാനായെന്നും ഇത് പലരെയും പ്രകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.