ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിന് അപകടത്തിന് പിന്നിലെ കാരണം വ്യക്തമാക്കി റെയിൽവേ. സിഗ്നൽ സംവിധാനത്തിലെ ഗുരുതര പിഴവാണ് ട്രെയിൻ അപകടത്തിന് കാരണമെന്നാണ് റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ റെയിൽവേ ഉത്തരവിട്ടു.
കോറമണ്ഡൽ എക്സ്പ്രസ് സിഗ്നൽ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറിയതാണ് അപകടത്തിന് കാരണമെന്ന് റെയിൽവേ വ്യക്തമാക്കി. കോറമണ്ഡൽ എക്സ്പ്രസ്സിൽ 1257 റിസർവ്ഡ് യാത്രക്കാരും ഹൗറ എക്സ്പ്രസിൽ 1039 റിസർവ്ഡ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാരുടെ എണ്ണം എത്രയാണെന്ന് കാര്യം ലഭ്യമായിട്ടില്ല. ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാരാണ് അപകടത്തിന് ഇരയായവരിൽ കൂടുതൽ പേരും.
ബഹനാഗബസാർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്ലാറ്റ്ഫോമുകളും നാല് ട്രാക്കുകളും ഉണ്ട്. ഇതിൽ രണ്ട് ട്രാക്കുകളിലൂടെ ആണ് പ്രധാനമായും സർവീസ് നടത്തുന്നത്. അപ് ലൈൻ എന്നും ഡൗൺ ലൈൻ എന്നുമാണ് ഇത് അറിയപ്പെടുന്നത്. ഇവയുടെ വശത്തുള്ള മറ്റ് രണ്ട് ട്രാക്കുകൾ ലൂപ്പ് ലൈൻ എന്ന് അറിയപ്പെടുന്നു. പ്രധാന ട്രാക്കുകളിലൂടെ ട്രെയിനുകൾ കടത്തിവിടാനും നിർത്തിയിടാനുമാണ് ലൂപ്പ് ലൈനുകൾ ഉപയോഗിക്കുന്നത്. ട്രെയിൻ അപകടം ഉണ്ടായ ദിവസം കോറമണ്ഡൽ എക്സ്പ്രസ്സിനും യശ്വന്തപൂർ എക്സ്പ്രസ്സിനും കടന്നുപോകാനായി രണ്ട് ഗുഡ്സ് ട്രെയിനുകളെ ലൂപ്പ് ലൈനിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ആണ് ട്രാക്കുകളിലൂടെ എക്സ്പ്രസ്സുകളെ കടത്തിവിടുന്നതിന് സിഗ്നൽ നൽകിയത്. മെയിൻ ലൈനിലൂടെ മുന്നോട്ടു പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലുപ് ട്രാക്കിൽ പ്രവേശിച്ച് ട്രെയിനിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.

