ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ ഇരകളായവര്‍ക്കും കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാന്‍ രാഷ്ട്രീയഭേദമന്യേ കക്ഷികള്‍ മുന്നോട്ടുവരണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
‘ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്കെല്ലാം ഹൃദയത്തില്‍ നിന്നുള്ള അനുശോചനങ്ങള്‍. പ്രധാനമന്ത്രിയോടും, റെയില്‍വെ മന്ത്രിയോടും എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതെന്നും, ആരാണ് ഉത്തരവാദിയെന്നും അവര്‍ മറുപടി പറയേണ്ടതുണ്ട്. എന്നാല്‍, ഇന്ന് നമ്മള്‍ക്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുകയാണ് വേണ്ടത്. ഇന്നു വൈകിട്ട് ടിവി ചാനലുകളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കില്ല. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഒഡീഷയിലെ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട ദേശീയ ദുരന്തത്തില്‍, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഒട്ടേറെ നേതാക്കള്‍ അപകടസ്ഥലമായ ബാലസോറില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഉടനെത്തും’- ഖര്‍ഗെ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലസോറില്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി റെയില്‍വേ അറിയിച്ചു. അപകടത്തില്‍ റെയില്‍വെ അന്വേഷണം പ്രഖ്യാപിച്ചു. സൗത്ത് ഈസ്റ്റേണ്‍ സര്‍ക്കിള്‍ റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ എ എം ചൗധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.

