‘കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷക്കൊപ്പം’: മുഖ്യമന്ത്രി

ഒഡീഷ ട്രെയിന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

‘രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചത്. ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തില്‍ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നു’- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, 261 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. 400 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബാലേശ്വര്‍ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമാന്‍ഡല്‍ എക്സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍പെട്ടത്.