പരിസ്ഥിതി ദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ മലയാളി വിദ്യാർത്ഥിനിയ്ക്ക് അവസരം

കോഴിക്കോട്: പരിസ്ഥിതി ദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ മലയാളി വിദ്യാർത്ഥിനിയ്ക്ക് അവസരം. മലയാളി വിദ്യാർത്ഥിനിയായ തീർത്ഥയ്ക്കാണ് നരേന്ദ്ര മോദിയോടൊപ്പം പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. കേന്ദ്ര പ്രകൃതി, ചരിത്രം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്നിവ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ പെയിന്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് തീർത്ഥ ഈ അവസരം സ്വന്തമാക്കിയത്.

ഉജ്ജ്വല ബാല്യം പുരസ്‌ക്കാര ജേതാവ് കൂടിയാണ് തീർത്ഥ. സംസ്ഥാന കലോത്സവത്തിലെ ഭരതനാട്യത്തിലും തീർത്ഥ എ ഗ്രേഡ് നേടിയിട്ടുണ്ട്. പ്ലാസ്റ്റിക്കിൽ നിന്നും നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുക, ഫ്രെജൈൽ മറൈൻ ബയോഡൈവർസിറ്റി, ആരോഗ്യകരമായ സമ്പദ്വ്യവസ്ഥയ്ക്കുള്ള ആരോഗ്യകരമായ സമുദ്രം എന്നീ വിഷയത്തിൽ 8 മുതൽ 12 വരെ ക്ലാസുകളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടന്ന ചിത്രരചനാ മത്സരത്തിലാണ് തീർത്ഥ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

സമുദ്രദിനമായ ജൂൺ 4 ന് ന്യൂഡൽഹിയിൽ വെച്ച് തീർത്ഥയ്ക്കുള്ള സമ്മാനദാനം നടക്കും. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും കേന്ദ്രസഹമന്ത്രി അശ്വിനി കുമാർ ചൗബെയും പങ്കെടുക്കുന്ന ചടങ്ങിൽ വെച്ചാണ് സമ്മാനദാനം.