കോഴിക്കോട്: അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തയാറാക്കി, വനം വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച 17 അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുടെ സ്ഥലം മാറ്റ പട്ടിക ചോര്‍ന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഉന്നതല അന്വേഷണത്തിന് വനം മന്ത്രിയുടെ ഓഫിസ് തയാറെടുക്കുകയാണ്.
‘തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തീരുമാനം എടുക്കും. നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനം നടന്നതായാണ് വിലയിരുത്തല്‍. തലസ്ഥാനത്ത് ഇല്ലാതിരുന്നതിനാല്‍ അന്തിമ പട്ടിക താന്‍ കണ്ടിട്ടില്ല. ചോര്‍ന്ന വിവരം അറിഞ്ഞു. ഈ പട്ടിക അതേപടി അംഗീകരിക്കാന്‍ ഇനി സര്‍ക്കാരിന് സാധിക്കില്ല’ മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം, മൂന്നു ദിവസം മുന്‍പ് സ്ഥലം മാറ്റം സംബന്ധിച്ച് മന്ത്രിയുടെ ഓഫിസില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. അഡിഷനല്‍ ചീഫ് സെക്രട്ടറിയോടു കൂടി അഭിപ്രായം ആരാഞ്ഞ ശേഷം അന്തിമ ഉത്തരവ് ഇറക്കാന്‍ നിര്‍ദേശിച്ചു. ഇതിനായി തയാറാക്കിയ പട്ടികയുടെ രണ്ടു പേജാണ് ചോര്‍ന്ന് ഡിഎഫ്ഒമാരുടെ വാട്‌സാപ്പില്‍ ലഭിച്ചത്. സ്ഥലം മാറ്റ പട്ടിക പാടേ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് ഈ ചോര്‍ത്തല്‍ എന്നാണ് വിലയിരുത്തല്‍. ദിവസങ്ങളായി തലസ്ഥാനത്തു തങ്ങി, സ്ഥലം മാറ്റം നേടിയെടുക്കാന്‍ ചില ഡിഎഫ്ഒമാര്‍ ശ്രമിച്ചിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ അറിവോടെയാണ് കൂട്ടത്തില്‍ ചിലര്‍ പട്ടികയില്‍ ഇടം പിടിച്ചത്. ഇങ്ങനെ ഇടം കിട്ടിയവര്‍ക്ക് ‘പണി’ കൊടുക്കാന്‍ കരുതിക്കൂട്ടി പട്ടിക ചോര്‍ത്തിയാതാവാം എന്ന നിഗമനത്തിലാണ് ഉന്നതര്‍. പട്ടികയുടെ രണ്ട് പേജ് മേശപ്പുറത്ത് വച്ച് ഫോട്ടോ എടുത്തതാണ് പുറത്തുവന്നിരിക്കുന്നത്. അവ്യക്തമാണെങ്കിലും പേരുകള്‍ വായിച്ചെടുക്കാം. മൂന്നാം പേജില്‍ എപിസിസിഎഫിന്റെ ഒപ്പും ഉണ്ട്. ‘മേല്‍പറഞ്ഞ പട്ടിക അതേപടി അംഗീകരിച്ച് ഉത്തരവാകണം’ എന്ന ശുപാര്‍ശയും എഴുതിയിരിക്കുന്നു. എപിസിസിഎഫിന്റെ ഓഫിസില്‍ നിന്നു തന്നെയാകാം പട്ടിക ചോര്‍ന്നത് എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്, സര്‍ക്കാര്‍ തീരുമാനം ആകും മുന്‍പേ പട്ടിക പുറത്തു വരുന്നത്.

