ഒഡിഷ ട്രെയിനപകടം: മരിച്ചവവരുടെ രക്തക്കറ ബിജെപിയുടെയും മോദിയുടെയും കൈകളിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ഒഡിഷ ട്രെയിനപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ രക്തക്കറ ബിജെപിയുടെയും മോദിയുടെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സാകേത് ഗോഖലെ.

‘2012ല്‍ മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കെ അവതരിപ്പിച്ച സുരക്ഷാ സംവിധാനം കുറ്റകരമായ രീതിയില്‍ ഇവര്‍ അവഗണിച്ചതാണ് ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിനു കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നതിന്റെ ഫലം കൂടിയാണ് ഈ ദുരന്തം. ട്രെയിനുകളുടെയും ട്രാക്കുകളുടെയും സുരക്ഷയ്ക്കു പകരം ബിജെപിയുടെ ശ്രദ്ധ സമ്പൂര്‍ണമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്ദേ ഭാരത് പിആര്‍ വര്‍ക്കിലും ഫോട്ടോ സെഷനുകളിലും മാത്രമാണ്. അതിന്റെ ഫലമായാണ് ഒറ്റ രാത്രികൊണ്ട് മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായതും 900ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതും. അപകടത്തില്‍ മരിച്ച എല്ലാ ഇന്ത്യക്കാരുടെയും രക്തക്കറ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ട്. 2012ല്‍ അവതരിപ്പിച്ച സുരക്ഷാ സംവിധാനം തികച്ചും കുറ്റകരമായ രീതിയിലാണ് അവര്‍ അവഗണിച്ചത്. എന്തെങ്കിലും ഉത്തരവാദിത്ത ബോധമോ മനഃസാക്ഷിയോ കുറച്ചെങ്കിലും ലജ്ജയോ ഉണ്ടെങ്കില്‍ അശ്വിനി വൈഷ്ണവ് എത്രയും വേഗം സ്ഥാനമൊഴിയണം. മോദി സര്‍ക്കാര്‍ ‘വന്ദേ ഭാരത്’ പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്ന വിമര്‍ശനവും ഗോഖലെ ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കുക മാത്രമല്ല, അതെല്ലാം മോദി നേരിട്ടുതന്നെ ചെന്ന് ഉദ്ഘാടനം ചെയ്യാനും ശ്രദ്ധിക്കുന്നുണ്ട്. കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ ഇതുവരെ നടപ്പാക്കിയത് വെറും 2 ശതമാനം ട്രാക്കുകളില്‍ മാത്രമാണ്. ഈ സംവിധാനം ഇതുവരെ സ്ഥാപിക്കാത്ത 98 ശതമാനം ട്രാക്കുകളിലൂടെയാണ് വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള അതിവേഗ ട്രെയിനുകള്‍ ഓടിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ബാലസോറിലെ അപകടം ഒഴിവാക്കാമായിരുന്നു.’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഒഡിഷ ട്രെയിന്‍ ദുരന്തം ഞെട്ടലുണ്ടാക്കിയ അപകടമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രതികരിച്ചു. മികച്ച ചികിത്സ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകീട്ട് 6.55 ന് ബംഗളൂരുവില്‍ നിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി, നാലു ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാര്‍ ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകള്‍ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടല്‍ എക്‌സ്പ്രസ്ന്റെ ബോഗികള്‍ മൂന്നാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കുകയും ചെയ്തു.