ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി റെയില്‍വേ. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ട്രാക്കിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും റെയില്‍വേ വ്യക്തമാക്കി.
അപകടത്തില്‍ പരിക്കേറ്റ 900 ത്തോളം പേരെ ഗോപാല്‍പുര്‍, ഖന്തപറ, ബാലസോര്‍, ഭദ്രക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കൊല്‍ക്കത്ത-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസില്‍ 1257 റിസര്‍വ്ഡ് യാത്രക്കാരും യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസില്‍ 1039 റിസര്‍വ്ഡ് യാത്രികരും ഉണ്ടായിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ റിസര്‍വ് ചെയ്യാത്ത നിരവധി യാത്രക്കാരും ഇരുട്രെയിനുകളിലും ഉണ്ടായിരുന്നു.
‘കൊല്‍ക്കത്ത-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രെയിനാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ബഹാനഗ ബസാര്‍ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം. ഈ സ്റ്റേഷനില്‍ കോറമണ്ഡല്‍ എക്സ്പ്രസിന് സ്റ്റോപ്പില്ലായിരുന്നു. ട്രെയിന്‍ അതിന്റെ പരമാവധി വേഗതയിലാണ് വന്നിരുന്നത്. ഇതിനിടെ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ഇടിച്ചു. കോറമണ്ഡല്‍ എക്സ്പ്രസിന്റെ 21 കോച്ചുകള്‍ പാളം തെറ്റിയിരുന്നു. ഇതില്‍ മൂന്ന് കോച്ചുകള്‍ മറ്റൊരു ട്രാക്കിലേക്ക് തെറിച്ചെത്തി. മിനിറ്റുകള്‍ക്കകം ഈ ട്രാക്കില്‍ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് എത്തുകയും കോറമണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളില്‍ കൂട്ടിയിടിക്കുകയുമായിരുന്നു. യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസിന്റെ പിന്നിലെ രണ്ട് കോച്ചുകളും പാളം തെറ്റി. രണ്ട് ട്രെയിനുകളും നല്ല വേഗതയിലായിരുന്നു’-കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

